2009, ഡിസംബർ 10, വ്യാഴാഴ്‌ച


സ്റ്റാര്‍ട്ടിംഗ് പോയിന്‍റ്


ആഗ്രഹങ്ങളാണ്
നിരാശയുടെ
കാരണവും കാതലും
എന്ന് പറഞ്ഞ മഹാനെ
കഴുത്ത് ഞെരിച്ചു
കൊല്ലണംഎന്നിടത്താണ്
എന്‍റെ ആഗ്രഹങ്ങള്‍ തുടങ്ങുന്നത്...
മാര്‍ജിന്‍

നിലവിളക്കിനു
തിരി തെളിഞ്ഞപ്പോള്‍...
സര്‍വ്വരും
കയ്യടിച്ചു ശബ്ദിച്ചപ്പോള്‍ ആരാലും ഗൌനിക്കപ്പെടാതെ
ഒരാള്‍ മാത്രം
നിശബ്ദം
ഹൃദയതാളം തകര്‍ന്നു
നിലം പതിച്ചു.
കൊള്ളി !
ഒരു തീപ്പെട്ടിക്കൊള്ളി !!

അളവുകോല്‍

ഞാന്‍ സഞ്ചരിച്ച ദൂരവും
എന്‍റെ വയസ്സും അന്വേഷിച്ചത്
പ്രവേഗം അളക്കുവാന്‍
മാത്രമായിരുന്നുവോ...
നേര്‍ക്കുനേരെ
എന്നെത്തന്നെ അളക്കാനായിരുന്നില്ലേ...!?

കമിതാക്കള്‍

ഡാനിയല്‍സെല്ലിന്‍റെ അകത്തളത്തില്‍ ഇരുന്ന

പോസിറ്റീവ് ഇലക്ട്രോടിനു

നെഗറ്റീവ് ഇലക്ട്രോടിനോട് കലശലായ പ്രണയം തോന്നി ...

ദൂതുമായി പോകാന്‍ ഒരു ഹംസവും

വരാത്തത് കൊണ്ട് പുള്ളിക്കാരന്‍ പ്രണയിനിയോട് നേരിട്ടു കാര്യം പറഞ്ഞു .

പോസിടിവിനെ ഒരു അപരാധിയെ എന്ന വണ്ണം

നോക്കികൊണ്ട്‌ തുടുത്ത മുഖത്തോടെ നെഗറ്റീവ് മൊഴിഞ്ഞു:

"പാടില്ല ! ഇതു പാടില്ല "

"എന്തുകൊണ്ട് പാടില്ല ?"

"ജീവിത ലക്‌ഷ്യം മറന്നു നാം വിവാഹിതരായി

നമ്മുടെ ലോകത്തേയ്ക്ക്

ചുരുങ്ങിയാല്‍ പിന്നെ ജീവിക്കുന്നതെന്തിനു ?"

ആ ചോദ്യത്തിന് വേവ് ലെങ്ങ്ത് കൂടുതലായിരുന്നത് കൊണ്ടാവണം ഫ്രീക്വെന്‍സി

കുറവായിരുന്നു...

"ശരിയാണ്.,നമുക്കു വിവാഹിതരാകേണ്ട !

മരണം വരെ നമുക്കു

കമിതാക്കള്‍ആയിരിക്കാം .വെറും കമിതാക്കള്‍..."

മഴ പെയ്തു തെളിഞ്ഞ ആകാശത്തിന്റെ ശോഭയോടെ പോസിറ്റീവ്

നെഗടീവിനു നേര്‍ക്ക്‌ കൈകള്‍ നീട്ടി

നെഗടിവിന്റെ മുഖ്‌ത്തും ഒരു ചിരി തെളിഞ്ഞു കത്തി .

സര്‍ക്യുടില്‍ ഒരു ബള്‍ബും..


സ്വാതന്ത്ര്യം

അന്നൊരു ആഗസ്റ്റ്‌ പതിനാലാം തീയതി
അര്‍ദ്ധ രാത്രി ഇന്ത്യയില്‍
പടക്കത്തിന്റെ പ്രാകൃത രൂപം
കുറേ പൊട്ടിച്ചിട്ടുണ്ടാകും

സര്‍വരും സന്തോഷത്താല്‍ മതിമറന്നു
തുള്ളിച്ചാടിയ കൂട്ടത്തില്‍
മുണ്ട് പോലും
മറന്നു തിമിര്‍ത്തവരും ഉണ്ടാകും !
സ്വാതന്ത്ര്യം തന്നെയമൃതവും ജീവിതവും...

ഇന്നാണ് സ്വാതന്ത്ര്യം കിട്ടിയതെങ്കില്‍

ഞാനും അക്കൂട്ടത്തില്‍ ചേര്‍ന്ന്
നെഗളിചേനെ...
എങ്കിലും മുണ്ട് , സ്വാതന്ത്ര്യം ഏതു വേണമെന്ന
ചോദ്യം ഉദിച്ചുയര്‍ന്നാല്‍ ,
"എനിക്ക് പാരതന്ത്ര്യം മതി ,
എനിക്കെന്‍റെ മുണ്ട് മതി..."

ബിസിനസ്




"പണമില്ലെങ്കില്‍ പഠിക്കാനെന്നും പറഞ്ഞു
ഇങ്ങോട്ട് കെട്ടിയെടുക്കുന്നത് എന്തിന്?"
അഡ്മിഷന്‍ വേളയില്‍ ഉയര്‍ന്ന് കേട്ട ചോദ്യം
അവന്‍റെ മനസ്സില്‍ തിരമാലകളുയര്‍ത്തി.
പെട്ടെന്ന് ഉള്ളില്‍ വിപ്ലവം ഉറഞ്ഞുകൂടി
"പണം ഇല്ലാത്തവന് പഠിക്കണ്ടേ..?
"എന്തിന് ?"
അതും ചോദ്യമാണ് .
അവന്‍ തന്നോട് തന്നെ ചോദ്യം ആവര്‍ത്തിച്ചു .
ഒടുവില്‍ സമൂഹം അവനെ പഠിപ്പിച്ച ഉത്തരം പറഞ്ഞു.
"പണമുണ്ടാക്കാന്‍....."